ഓർക്കാപ്പുറത്തൊരു കണ്ണൂർ യാത്ര ###########################
2004 ഡിസംബർ 12ന് മുംബൈ - തിരുവനന്തപുരം പ്രതിവാര ട്രെയിനിൽ കേരളത്തിലേക്ക് ഒരു യാത്ര. ഛത്രപതി ശിവജി ടെർമിനസിൽ നിന്നാണ് ഞാനും അരുണേട്ടനും വിനോദും സുരേഷ്ഭായിയും ടെയിനിൽ കയറിയത്. ഞാനൊഴികെ മറ്റ് മൂന്ന് പേരും കണ്ണൂരുകാരാണ്. ശബരിമല ദർശനത്തിനായാണ് ഞങ്ങൾ നാട്ടിലേക്ക് വരുന്നത്. 1997ൽ മുംബൈയിൽ എത്തിയ ശേഷം എല്ലാ വർഷവും എന്റെ ശബരിമല സന്ദർശനം തനിച്ചായിരുന്നു. ആദ്യമായാണ് കൂട്ടുകാർക്കൊപ്പം ഒരു യാത്ര. പിറ്റേന്ന് രാത്രി 11 മണിയോടെ ഞങ്ങൾ തൃശ്ശൂരിൽ എത്തി. അവിടെ നിന്നും മധുര - ഗുരുവായൂർ ട്രെയിനിൽ കയറി ഗുരുവായൂരിൽ ഇറങ്ങി. ഗുരുവായൂർ ക്ഷേത്രത്തിലാണ് ഞങ്ങൾ ഇരുമുടിക്കെട്ട് നിറയ്ക്കുന്നത്. ആദ്യം പോയത് ക്ഷേത്രക്കുളത്തിലേക്കാണ്. കുളി കഴിഞ്ഞ് വസ്ത്രം മാറിയേ ശേഷം കൈയ്യിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ അടങ്ങിയ ബാഗുകൾ വയ്ക്കാൻ നേരെ കൃഷ്ണകുമാർ മാരാരുടെ വീട്ടിലേക്ക്. കുമാരേട്ടൻ ഗുരുവായൂർ ക്ഷേത്രം ജീവനക്കാരനായിരുന്നു. ലീഡർ കെ.കരുണാകരന്റെ ബന്ധുക്കൾ ആയിരുന്നു അരുണേട്ടനും കുമാരേട്ടനും, ഇരുമുടിക്കെട്ടിലേക്ക് ആവശ്യമായ നാളികേരം മുംബൈയിൽ നിന്നും കൊണ്ട് വന്നിരുന്നു. കെട്ട് നിറയ്ക്കുള്ള മറ്റ് സാധനങ്ങൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ ഇടതു വശത്തുള്ള കടയിൽ നിന്നും വാങ്ങിയശേഷം വടക്കേ വാതിൽ വഴി ഞങ്ങൾ ക്ഷേത്രത്തിൽ കയറി. ദർശനത്തിന് നീണ്ട നിര ഉള്ളതിനാൽ ദർശനം നടത്താെതെ നേരിട്ട് കെട്ട് നിറച്ച് ശാസ്താവിന പ്രദക്ഷിണം വച്ച് യാത്ര തിരിച്ചു. തുടർന്ന് മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്. മമ്മിയൂര്‍ ക്ഷേത്രത്തിനു കലിയുഗാരംഭത്തോളം പഴക്കമുണ്ട് . ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നവര്‍ ഇവിടെയും പോകണം എന്നാണ് ആചാരം.മമ്മിയൂര്‍ ദര്‍ശനത്തോടെ മാത്രമേ ഗുരുവായൂര്‍ ദര്‍ശനപുണ്യം പൂര്‍ണമാകൂ എന്നാണ് വിശ്വാസം.ഇപ്പോഴും ഗുരുവായൂരിലെത്തുന്ന ഭക്തര്‍ മമ്മിയൂര്‍ ദര്‍ശനം നിര്‍ബന്ധമായും നടത്തുന്നു. പിന്നീട് നേരെ ഗുരുവായൂർ KSRTC സ്റ്റാൻഡിലേക്ക് നേരിട്ട് പമ്പയ്ക്കുള്ള ബസ് കിട്ടി. പമ്പാ സ്നാനം കഴിഞ്ഞ് മല ചവിട്ടി ദർശനപുണ്യം നേടി പ്രസാദവും വാങ്ങി എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എനിക്ക് വീട് ഇല്ലാത്തതിനാൽ ഞാൻ ചെങ്ങന്നൂരിൽ നിന്ന് ട്രെയിൻ കയറാൻ ആയിരുന്നു വിചാരിച്ചിരുന്നത്. മലയിറങ്ങി പമ്പയിൽ എത്തി ഗണപതി പ്രസാദം വാങ്ങുന്നതിനിടയിൽ അരുണേട്ടൻ പറഞ്ഞു നീയും എന്റെ കൂടെ പോര് . നിനക്ക് കണ്ണൂർ ഒന്ന് കാട്ടിത്തരാം എന്ന് അങ്ങനെ മടക്ക യാത്രയിൽ ഞങ്ങൾ ഗുരുവായൂരിൽ എത്തി കുമാരേട്ടന്റെ വീട്ടിൽ കയറി ബാഗുകൾ എടുത്തു. അവർക്ക് പ്രസാദവും നൽകി നേരെ കണ്ണൂരിലേക്ക് . കുയിലൂരിലുളള അരുണേട്ടന്റെ വീട്ടിൽ എത്തി. യാത്രാക്ഷീണം മാറി. അന്ന് വൈകിട്ട് മാമാനം മഹാദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇരിക്കൂറിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനം മഹാദേവി ക്ഷേത്രം.പരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ. ശാക്തേയപൂജ നടക്കുന്ന ഭഗവതീ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർക്ക് പകരം പിടാരർ അല്ലെങ്കിൽ മൂസത് എന്ന സമുദായത്തില്പെട്ട പുരോഹിതരാണ് പൂജകൾ ചെയ്യുന്നത്. മറികൊത്തൽ (മറി സ്തംഭനം നീക്കൽ) ഇവിടുത്തെ പ്രധാന ചടങ്ങാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പരാശക്തിയെ ദുർഗ്ഗ, ഭദ്രകാളി ഭാവങ്ങളിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പിറ്റേന്ന് രാവിലെ അരുണേട്ടന്റെ ഭാര്യവീട്ടിലേക്ക് ഒരു യാത്ര. രാമന്തളിയിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. പോകുന്ന വഴിയിൽ എല്ലാം വലിയ ആർച്ച് കെട്ടിയ പാർട്ടി ഗ്രാമങ്ങൾ : എല്ലാം ചുവപ്പ്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വായനശാലകൾ എല്ലാം കമ്യൂണിസ്റ്റ്കാരുടെ ഓർമ്മകളിൽ നിർമ്മിക്കപ്പെട്ടവയാണ്. ഒട്ടും പരിചിതമല്ലാത്ത വഴികൾ . ഓരോ സ്ഥലങ്ങളിൽ എത്തുമ്പോഴും അവിടുത്തെ പ്രത്യേകതകൾ അരുണേട്ടൻ പറഞ്ഞ് തരുന്നുണ്ട്. പെട്ടന്ന് വണ്ടി നിർത്തി വലത് വശത്ത് കുന്ന് ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു ഇതാണ് പാടിക്കുന്ന്, 1950 ൽ കമ്യൂണിസ്റ്റ് നേതാക്കളായ രൈരു നമ്പ്യാർ, കുട്ട്യപ്പ, എം.വി. ഗോപാലൻ എന്നിവരെ പോലീസ് വെടിവെച്ചുകൊന്നതു് പാടിക്കുന്നിൽ വെച്ചാണെനും ഇ കെ നായനാർ ഇവിടെ ഒളിവിൽ താമസിച്ചിട്ടുണ്ടെന്നും പറഞ്ഞു, പിന്നീട് വണ്ടി നിന്നത് കല്യാശ്ശേരി സ്കൂളിന്റെ മുൻപിലാണ്. സഖാവ് നായനാരുടെ സഹധർമ്മിണി ശാരദ ടീച്ചർ പഠിപ്പിച്ച സ്കൂൾ ആണെന്ന് പറഞ്ഞു: വീണ്ടും യാത്ര തുടർന്ന് ഏതാനും മിനിറ്റുകൾക്കക്കം ഒരു വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി. ഗേറ്റിൽ ശാരദാസ് എന്ന് എഴുതിയിരിക്കുന്നു. എനിക്ക് അതിശയം തോന്നി. ഓർക്കാപ്പുറത്ത് എവിടെയൊക്കെ വന്നെത്തി എന്ന് ഞാൻ വിചാരിച്ചു , അപ്പോൾ ശാരദാസിൽ ആരും ഉണ്ടായിരുന്നില്ല. ടീച്ചർ മക്കൾക്കൊപ്പം തിരുവനന്തപുരത്ത് ആയിരുന്നു. ഞങ്ങൾ പയ്യന്നൂർ എത്തി. ഏഴിമലയ്ക്ക് പോകുന്ന വഴിയാണ് രാമന്തളി . ഏറെ വൈകിയാണ് ഞങ്ങൾ വീട്ടിൽ എത്തിയത്. പിറ്റേന്ന് രാവിലെ അരുണേട്ടൻ എന്നോട്ട് പറഞ്ഞു നീ വേഗം കുളിച്ചാൽ നമുക്ക് ഒരു സ്ഥലം വരെ പോകാം എന്ന്. ഞാൻ വേഗം കുളിച്ച് തയ്യാറായി , നേരെ പോയത് കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിലേക്ക്. കണ്ണൂര്‍ ജില്ലയില്‍ പാട്യവും കോടിയേരിയും കൂത്തുപറമ്പും പിണറായിയും അതിരിടുന്ന കതിരൂര്‍ ഗ്രാമം. വടക്കന്‍ പാട്ടിന്‍െറ ഈരടികളില്‍ ചുവന്നു തുടുത്ത മണ്ണ്. എതിരിട്ടവരോട് ചുരികത്തലപ്പു കൊണ്ട് മറുപടി നല്‍കിയ കളരിവീരന്മാരുടെ നാട്. വിഷ്ണു സങ്കല്പത്തിലുള്ള സൂര്യഭഗവാന്‍ (കതിരവന്‍) ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. സൂര്യനും മഹാവിഷ്ണുവും കൂടിച്ചേർന്ന അത്യപൂർവ്വ പ്രതിഷ്ഠയാണ് ഇവിടെ. ത്രേതായുഗത്തിൽ വനവാസകാലത്ത് ശ്രീരാമൻ രാവണനെ നിഗ്രഹിക്കാൻ പോകും വഴി അഗസ്ത്യമുനി രാവണനുമായുള്ള യുദ്ധത്തിൽ ജയിക്കാൻ ആദിത്യഹൃദയമന്ത്രം ഉപദേശിച്ച് കൊടുത്തത് കതിരപുരം എന്ന ഈ സ്ഥലത്താണ് എന്നും യുദ്ധത്തിൽ വിജയശ്രീലാളിതനായ ശ്രീരാമൻ കലിയുഗത്തിൽ മനുഷ്യകുലത്തിനു പ്രാർത്ഥനയ്ക്കായി കതിരൂരിൽ ശ്രീ സൂര്യനാരായണ പ്രതിഷ്o നടത്തി എന്നാണ് ഐതീഹ്യം.. അവിടെ നിന്നും മടങ്ങുമ്പോൾ എന്നോട് പറഞ്ഞു ഇന്ന് വെെകിട്ട് കളിയാട്ടം കാണാൻ പോകണം എന്ന്. രാമന്തളി താവുരിയാട്ട് ക്ഷേത്രത്തിലായിരുന്നു ഞങ്ങൾ പോയത്. വേട്ടയ്ക്കൊരുമകൻ കളിയാട്ടം ആയിരുന്നു.. ഫലപുഷ്പാദികൾ കൊണ്ട് അലങ്കരിക്കുന്ന മലബാറിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് രാമന്തളി താവുരിയാട്ട് ക്ഷേത്രം. അടക്കകൾ കൊണ്ട് അലംകൃതമായ തൂണുകളും ക്ഷേത്രമാടവും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. വേട്ടയ്ക്കൊരു മകൻ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും, ഊർപ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വേട്ടയ്ക്കൊരുമകന്റെ അനുഷ്ഠാനങ്ങളിൽ പ്രധാനമാണ് തേങ്ങയുടയ്ക്കൽ. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്. ചില വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ നിശ്ചിത കാലങ്ങളിൽ പാട്ടുത്സവം നടത്തി വരാറുണ്ട്. അത്തരം അവസരങ്ങളിൽ തെയ്യംപാടി നമ്പ്യാന്മാർ എന്നറിയപ്പെടുന്നവരാണ് ഈ ക്ഷേത്രങ്ങളിൽ പാട്ടും കളമെഴുത്തും നടത്താറുള്ളത്. തെയ്യംപാടി നമ്പ്യാന്മാർ ദേവഗായകവൃന്ദ പരമ്പരയിൽ പെട്ടവരാണെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത പുന്നാട് എന്ന പ്രദേശത്താണ് ഇവർ കൂടുതലായി താമസിച്ചു വരുന്നത്.ഓരോ കാര്യവും അരുണേട്ടൻ വിശദമായി പറഞ്ഞു തന്നു. തുള്ളിയുറഞ്ഞ ശേഷം എന്നോട്ടും വന്ന് എന്തൊക്കൊയോ പറഞ്ഞു, എനിക്ക് ഒന്നും മനസ്സിലായില്ല. അടുത്ത ദിവസം രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയി . ആന്തൂർ നഗരസഭാ പരിധിയിൽ വളപട്ടണം പുഴയുടെ തീരത്താണ് പ്രസിദ്ധമായ മുത്തപ്പൻ ക്ഷേത്രം :ഉത്തരകേരളത്തിലെ ഹിന്ദുക്കളുടെ ഇഷ്ടദൈവമായ ശ്രീ മുത്തപ്പന്റെ ഭക്തർ ഇവിടെ ആരാധനയ്ക്കായി വരുന്നു. ദിവസവും തെയ്യം വഴിപാടായി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രം മുത്തപ്പൻ ക്ഷേത്രമാണ്. അന്ന് ഉച്ചഭക്ഷണം ക്ഷേത്രത്തിൽ നിന്നായിരുന്നു. പിന്നീട് പോയത് പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്കിലാണ്. പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി, ക്രെയിറ്റ്, പിറ്റ് വൈപ്പർ തുടങ്ങിയവ ഈ പാർക്കിലുണ്ട്. വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാർക്കിൽ ഉണ്ട് . മടങ്ങും വഴി പരിയാരം മെഡിക്കൽ കോളേജും കാണാൻ കഴിഞ്ഞു. അടുത്ത ദിവസം യാത്ര തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കായിരുന്നു. തൃച്ചംബരത്തപ്പന്‍ ചെറുപ്പമാണ്. അതായത് ഉണ്ണിക്കൃഷ്ണനാണ്.ഭഗവാൻ ഇവിടെ. കംസവധ ശേഷമുള്ള രൗദ്രഭാവമാണെനാണ് വിശ്വാസം, ഗുരുവായൂരിലുള്ള വിഗ്രഹത്തേക്കാൾ വലിപ്പം ഉണ്ട്. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. ഉപദേവതകളായി നാലമ്പലത്തിനുള്ളിൽ കന്നിമൂലയിൽ ഗണപതിയും ഇടത്ത്ഭാഗത്തായി വിഷ്വക്‌സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്. ശങ്കരനാരായണ സങ്കല്പത്തിലും ക്ഷേത്രത്തിൽ ആരാധന നടത്തുന്നു. അവിടെ നിന്നും നേരെ പോയത് കാടാമ്പുഴയിലേക്കാണ്. മലപ്പുറം ജില്ലയിലാണെങ്കിലും കണ്ണൂർ അതിർത്തിയിൽ ആയിരുന്നതിനാൽ വേഗം എത്തി , ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാർവ്വതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേൽക്കൂരയില്ല. "കാടാമ്പുഴയമ്മ" എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നുണ്ട്. ഇവിടത്തെ 'പൂമൂടൽ', 'മുട്ടറുക്കൽ' എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്. നിർഭാഗ്യമെന്ന് പറയട്ടെ ഞങ്ങൾ എത്തിയപ്പോൾ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദർശനം സാദ്ധ്യമായില്ല. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം. പിറ്റേ ദിവസം എനിക്ക് മുംബൈയ്ക്ക് മടങ്ങണം. രാവിലെ രാമന്തളിയിൽ നിന്നും കണ്ണൂർ കോട്ടയിലേക്ക് യാത്ര തിരിച്ചു. അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് കണ്ണൂർ കോട്ട.. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് ഈ കോട്ട 1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം. കണ്ണൂർ കോട്ടയിൽ നിന്നും തലശ്ശേരി കോട്ടയിലേക്ക് രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം പോയത് പയ്യാമ്പലം ബീച്ചിലേക്കാണ്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ശാന്തസുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ഇ.കെ. നായനാർ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, എന്നിവരുടെ ശവകുടീരങ്ങൾ. സഖാവ് നായനാരുടെ ശവകുടീരത്തിന് മുകളിൽ പൂവിട്ട് നിന്നിരുന്ന വാടാമല്ലിയിൽ നിന്നും ഒരു പൂവ് ഇറുത്ത് ബാഗിൽ വച്ച് പയ്യാമ്പലത്തെ അസ്തമയം കണ്ട് ഞങ്ങൾ അവിടെ നിന്നും നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക്. സ്റ്റേഷനിൽ ഇരിക്കുന്ന സമയത്ത് അരുണേട്ടൻ എന്നോട് ചോദിച്ചു കണ്ണൂർ കണ്ടിട്ട് എന്താ അഭിപ്രായം എന്ന്. മറുപടി നൽകാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. പത്രമാധ്യമങ്ങളിൽ നിന്ന് ഞാനറിഞ്ഞ കണ്ണൂർ അല്ല യഥാർത്ഥ കണ്ണൂർ. നല്ല നാട്, സ്നേഹസമ്പന്നരായ നാട്ടുകാർ. കണ്ണൂർകാർക്ക് രാഷ്ടീയം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് എന്ന് മാത്രം. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ല എങ്കിലും കണ്ണൂരിനെ നെഞ്ചോട് ചേർത്ത് ഞാൻ മുംബെയ്ക്ക് വണ്ടി കയറി.